കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കളെ പ്രതികളാക്കില്ല; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി നേതാക്കള്‍ പ്രതികളാകില്ല. സാക്ഷിപ്പട്ടികയിലും ബിജെപി നേതാക്കളുടെ പേരില്ല. സംഭവം ഒരു കവര്‍ച്ചാക്കേസ് മാത്രമായിക്കണ്ട് കുറ്റപത്രം ഈ മാസം 24 ന് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരിങ്ങാലക്കുട കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ആകെ 22 പ്രതികളുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പണത്തിന്റെ ഉറവിടത്തില്‍ ബിജെപി അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇത് പരിശാേധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കേസ് കൈമാറമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ബിജെപി നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ ആരും കേസില്‍ പ്രതിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യവും പിന്നീടായിരിക്കും ആലോചിക്കുക. കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നേ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയും ചെയ്തു.

കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.