രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങൾ; സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ മുഖ്യ ലക്ഷ്യം. സ്വപ്നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ട്. കളളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. ഇത് തീവ്രവാദ പ്രവര്‍ത്തനം തന്നെയാണെന്നും എന്‍.ഐ.എ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

167 കിലോയുടെ സ്വര്‍ണക്കടത്താണ് നടത്തിയത്. ദുബായ്ക്ക് പുറമെ സൗദി, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്ന പദ്ധതിയിട്ടു. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നും എന്‍ഐഎ പറഞ്ഞു.