നഷ്ടത്തിലായ കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ നൂതന ആശയവുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ; പ്രാവർത്തികമാക്കാമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു

കൊച്ചി:നഷ്ടത്തിലായ കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ നൂതന ആശയമുമായി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ കെഎസ്ആർടിസിക്ക് പണചെലവ് ഇല്ലാതെ ലാഭത്തിലാക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകതയെന്ന് കുന്നപ്പിള്ളി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ ബസുകൾ റൂട്ടിലോടിക്കാനാണ് നിർദേശം. ബസുകൾ ഓടുന്ന വിധത്തിലാക്കാനുള്ള പ്രാഥമിക ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആദ്യഘട്ടത്തിൽ കട്ടപ്പുറത്തിരിക്കുന്ന ഒന്നോ രണ്ടോ ബസുകൾ റൂട്ടിലിറക്കാം.

അറ്റകുറ്റപ്പണികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തണം. ജീവനക്കാർ കെഎസ്ആർടിസിയുടേത് തന്നെ. ലാഭത്തിൻ്റെ ഒരുവിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകണം. നഷ്ടത്തിലായാലും അറ്റകുറ്റപ്പണികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തണം. ഇതാണ് ആശയം.

ഗതാഗതമന്ത്രി ആൻ്റണി രാജുവുമായി ആശയം പങ്കുവെച്ചു. പ്രത്യേക അഭിനന്ദനവും എൽദോസ് കുന്നപ്പിള്ളി നേടി. നൂതന ആശയം നിയമസഭയിൽ കൊണ്ടുവരാമെന്നും അത് പ്രാവർത്തികമാക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതായി ആൻറണി രാജു പറഞ്ഞു.

ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിലാണ് കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ നൂതന ആശയം കുന്നപ്പിള്ളി അവതരിപ്പിച്ചത്. പെരുമ്പാവൂരിലെ വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിലേക്ക് ഗതാഗത സൗകര്യങ്ങൾ കുറവാണ്. ഇവരുടെ ബുദ്ധിമുട്ടുകളെ പറ്റി പഠിക്കവെയാണ് നൂതന ആശയം ലഭിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.