ന്യൂഡെൽഹി: രാജ്യത്ത് ഒരു ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ച ശേഷവും കൊറോണ പോസിറ്റീവ് ആയ രോഗികളിൽ കൂടുതൽ പേർക്കും ഡെൽറ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐസിഎംആർ പഠനം. വാക്‌സിനേഷൻ നടത്തിയ ശേഷം കൊറോണ ബാധയെ കുറിച്ച് നടത്തുന്ന ആദ്യ പഠനമാണ് ഐസിഎംആറിൻ്റേത്. ഇന്ത്യയിൽ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവരിൽ ഭൂരിഭാഗത്തിനും കൊറോണയുടെ ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു .
അതേസമയം, വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെ കുറഞ്ഞെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 677 പേരെയാണ് പഠന വിധേയമാക്കിയത്. ആകെയുള്ള 677 പേരിൽ, 71 പേർ കൊവാക്‌സിനും ബാക്കിയുള്ള 604 പേർ കോവിഷീൽഡ് കുത്തിവെപ്പുമാണ് നടത്തിയത്. അതെ സമയം രണ്ടുപേർ ചൈനയുടെ സീനോഫാം വാക്‌സിനും സ്വീകരിച്ചിരുന്നു.
വാക്‌സിൻ സ്വീകരിച്ച മൂന്ന് പേർ രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. പഠനം നടത്തിയവരിൽ വാക്‌സിൻ സ്വീകരിച്ചതിനു ശേഷം ഡെൽറ്റ വകഭേദം ബാധിച്ചത് 86.09% പേർക്കെന്നാണ് ഐസിഎംആർ വിലയിരുത്തൽ. 0.4 ശതമാനം മാത്രമാണ് മരണനിരക്ക് രേഖപ്പെടുത്തിയത്.