അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നാലര മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ സർക്കാർ അംഗീകരിച്ചു. നാലര മാസത്തിനുള്ളില്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണല്‍ ഡവലപ്പ്മെന്‍റ് കമ്മീഷണര്‍ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിശ്ചയിച്ചു.

ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വരുമാനം ആര്‍ജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്ക്കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരന്‍ സജിത്തിന്‍റെ കുടുംബത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.