ന്യൂഡെൽഹി: ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹ നിയമം ഇനിയും തുടരണോയെന്ന് സുപ്രീം കോടതി. രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇനിയും ഇതൊക്കെ തുടരണോയെന്നും സുപ്രീം കോടതി ചോദിച്ചു.
സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സർക്കാർ എന്തുകൊണ്ട് രാജ്യദ്രോഹനിയമം റദ്ദാക്കുന്നത് പരിഗണിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
രാജദ്രോഹ നിയമത്തിനെതിരെ നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഹർജികൾ ഒരുമിച്ച് കേൾക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട 124 എ വകുപ്പിലെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്ത് വിരമിച്ച മേജർ ജനറൽ എസ്.ജി വോംബത്ത്കീരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വകുപ്പ് വ്യക്തയില്ലാത്തതും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്നും ഹർജിയിൽ പറയുന്നു.