ന്യൂഡെല്‍ഹി: ഒരിടവേളയ്ക്ക് ശേഷം കോൺഗ്രസ് ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് അടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷനായേക്കുമെന്നാണ് അഭ്യൂഹം. പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അവരുടെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ സജീവമായത്.
പാര്‍ട്ടിയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു ശേഷമാകും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുളള നേതാവാണ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള വിവാദങ്ങളും ചര്‍ച്ചകളും സജീവമായത്. 2017ല്‍ സോണിയയില്‍ നിന്നും ഈ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സ്ഥാനമൊഴിയുകയായിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തെ അനിശ്ചിതത്വം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതായും പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതായും ചൂണ്ടിക്കാണിച്ച് പാര്‍ട്ടിയിലെ 23 മുതിര്‍ന്ന നേതാക്കള്‍ സോണിയയ്ക്ക് കത്തയച്ചത് വന്‍ വിവാദമായിരുന്നു.