കുണ്ടറയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ കിണർ മൂടാൻ ഫയർഫോഴ്സ് നിർദേശം

കൊല്ലം: കുണ്ടറയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ കിണർ മൂടാൻ ഫയർഫോഴ്സ് നിർദേശം. കിണറിനടിയിലെ വിഷവാതകമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അടിത്തട്ടിൽ ഓക്സിജൻ ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് വ്യക്തമാക്കി.

നാലുതൊഴിലാളികളാണ് പെരുമ്പുഴയിൽ ഇന്ന് മരിച്ചത്. ചിറക്കോണം സോമരാജൻ (56) ഇളമ്പള്ളൂർ രാജൻ (36), കുരിപ്പള്ളി മനോജ് (34) ചിറയടി അമ്പലത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദ് എന്ന വാവ , എന്നിവരാണ് മരിച്ചത്. ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും രക്ഷാപ്രവർത്തനത്തിനിടെ തളർന്നുവീണിരുന്നു.

സോമരാജൻ, രാജൻ എന്നിവർ കൊറ്റങ്കര പോളശേരി സ്വദേശികളും മനോജ്, വാവ (ശിവ പ്രസാദ്) എന്നിവർ ചിറയടി സ്വദേശികളുമാണ്. ഏറെ ആഴമുള്ള കിണർ ശുചീകരിക്കാൻ ആദ്യം ഒരു തൊഴിലാളിയാണ് ഇറങ്ങിയത്. ഇയാൾക്ക് ശ്വാസതടസ്സമുണ്ടായതോടെ രണ്ട് പേർ രക്ഷിക്കാൻ ഇറങ്ങി. ഇവരിൽ നിന്നും പ്രതികരണമൊന്നുമില്ലാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

80 അടിയോളം ആഴമുള്ള കിണറ്റിൽ വിഷവാതകം ശ്വസിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ജനവാസമേഖലയായതിനാൽ പെട്ടെന്ന് തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കാൻ സാധിച്ചെങ്കിലും നാല് ജീവനുകൾ നഷ്ടമാവുകയായിരുന്നു.