തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താൻ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് പങ്കെടുക്കാനാണ് അനുമതി. വാഹനപൂജ നടത്താനും അനുമതിയുണ്ട്.
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനും ഇന്നലെ അനുമതി നൽകിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക.
കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ തവണ ഒരു ആന മാത്രമാണ് ആനയൂട്ടിൽ പങ്കെടുത്തത്. തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആനകളാണ് ഇത്തവണ എത്തുക. ആനയൂട്ട് കാണാൻ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്ര ഭാരവാഹികൾക്കും ആന പാപ്പാന്മാർക്കും മാത്രമാകും പ്രവേശനം.