കൊറോണ പ്രതിസന്ധി; രാജ്യത്ത് 30 ലക്ഷം കുട്ടികള്‍ക്ക്‌ ഡിടിപി വാക്‌സിനേഷന്‍ മുടങ്ങി

ന്യൂഡെല്‍ഹി: ലോകമാകെ കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ അത് ഇന്ത്യയിലെ കുട്ടികളെ സാരമായി ബാധിച്ചില്ലെങ്കിലും കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പ് തടസ്സപ്പെട്ടതായി ലോകാരോഗ്യ സംഘടന. ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പായ ഡിടിപി മുടങ്ങിയതായി ആണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം രാജ്യത്തെ 30 ലക്ഷം കുട്ടികള്‍ക്ക് ആദ്യ ഡോസ് ഡിടിപി സംയോജിത വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് സംഘടന വ്യക്തമാക്കി. 2019നെ അപേക്ഷിച്ച് 35 ലക്ഷം കുട്ടികള്‍ക്ക് ഡിടിപിയുടെ ആദ്യ ഡോസും 30 ലക്ഷം കുട്ടികള്‍ക്ക് മീസില്‍സ് ഡോസുമാണ് നഷ്ടമായെന്നാണ് ലോകാരോഗ്യ സംഘടനയും യുനിസെഫും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഡിടിപി ആദ്യ ഡോസ് ലഭിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 2019ല്‍ 3,038,000 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 2020ല്‍ ഇത് 1,403,000 ആയി കുറഞ്ഞു. ഡിടിപി 3 ഡോസുകള്‍ നല്‍കിയ കുട്ടികളുടെ എണ്ണം 91 ശതമാനത്തില്‍നിന്ന് 85 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.

കൊറോണയെ തുടര്‍ന്ന് ലോകമെമ്പാടും 23 ദശലക്ഷം കുട്ടികള്‍ക്ക് പ്രാഥമിക വാക്സിനുകള്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. 17 ദശലക്ഷം കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാനായില്ല. രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളും ഉദ്യോഗസ്ഥരും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കും വാക്സിനേഷനിലേക്കും ശ്രദ്ധ തിരിച്ചതാണ് കുട്ടികളുടെ പ്രതിരോധ വാക്സിനേഷന്‍ മുടങ്ങാന്‍ കാരണണായത്.

ഉള്‍പ്രദേശങ്ങളിലും ചേരികളിലും ഉള്‍പ്പെടെ താമസിക്കുന്ന കുട്ടികളാണ് പ്രതിരോധ വാക്സിന്‍ നഷ്ടമായവരില്‍ ഏറെയും. കൊറോണ വ്യാപനം രൂക്ഷമായതോടെ, ചില രാജ്യങ്ങളില്‍ ക്ലിനിക്കുകള്‍പോലും അടച്ചിടുകയോ പ്രവര്‍ത്തനസമയം വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. കൊറോണ ഭീഷണി മൂലം പലരും ആശുപത്രികളില്‍ എത്താത്ത സാഹചര്യവുമുണ്ടായി.