ചണ്ഡീഗഢ്: നൂറ് കർഷകർക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി ഹരിയാന പോലീസ്. ഹരിയാന ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ രൺബീർ ഗംഗ്വയുടെ കാർ ആക്രമിച്ചെന്നാരോപിച്ചാണ് കർഷകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രൺബീർ ഗംഗ്വയുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ജൂലൈ 11ന് സിർസ ജില്ലയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ കാർ തകർത്തെന്നാരോപിച്ച് അന്നുതന്നെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. കർഷക നേതാക്കളായ ഹർചരൺ സിംഗ്, പ്രഹ്ളാദ് സിംഗ് തുടങ്ങിയവരുടെ പേരുകൾ എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്.
കർഷകർക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിയെ കേന്ദ്രസർക്കാരിനെതിരേ സമരം നടത്തുന്ന കർഷക സംഘടനകളിലൊന്നായ സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തി. വാസ്തവവിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കർഷകർക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് കിസാൻ മോർച്ച ആരോപിച്ചു.