പാലക്കാട്: ധോണിയിൽ യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവത്തിൽ ഭർത്താവിനെതിരെ നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് ഭർത്താവിനെതിരെ കേസെടുത്തത്.
ഭാര്യയ്ക്കും കുഞ്ഞിനും സംരക്ഷണം നൽകണമെന്ന വനിത സംരക്ഷണ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടപടി. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. യുവതിയെ ഫോൺവഴി ബന്ധപ്പെട്ട് വിശദമായ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി ഫോണിൽ വിളിച്ചാണ് യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.
യുവതിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷൻ നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.