കന്യാസ്ത്രീ മഠത്തില്‍ താമസിക്കാൻ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കാനാകില്ലെന്ന് ഹൈക്കോടതി; മാറിത്താമസിച്ചാല്‍ സുരക്ഷ നല്‍കാമെന്ന് കോടതി

കൊച്ചി: കന്യാസ്ത്രീ മഠത്തില്‍ താമസിക്കവേ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കാനാകില്ലെന്ന് ഹൈക്കോടതി. സിവില്‍ കോടതിയിലെ കേസ് തീരും വരെയെങ്കിലും മഠത്തില്‍ പൊലീസ് സുരക്ഷയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന ലൂസിയുടെ ആവശ്യം കോടതി നിരസിച്ചു. മറ്റെവിടേക്കെങ്കിലും മാറിത്താമസിച്ചാല്‍ സുരക്ഷ നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

വത്തിക്കാനിൽ നിന്നുള്ള ഉത്തരവനുസരിച്ച് ലൂസിയ്ക്ക് മഠത്തിൽ തങ്ങാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഠത്തിനുള്ളിൽ താമസിയ്ക്കുമ്പോൾ സുരക്ഷ നൽകാനാവില്ല. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സ്വത്തിനും ജീവനും സുരക്ഷ നൽകാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. മഠത്തിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ രണ്ട് അപ്പീലുകളും വത്തിയ്ക്കാൻ തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി.

മഠത്തില്‍ നിന്നും ഇറങ്ങാന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിവില്‍ കേസ് തീര്‍പ്പാകുന്നത് വരെ പൊലീസ് സുരക്ഷയില്‍ മഠത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ലൂസി കളപ്പുര ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം സാധ്യമല്ലെന്ന് വ്യക്തമാക്കിയ കോടതി മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയാറാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

ലൂസി എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നല്‍കാമെന്ന് പൊലീസും നിലപാടെടുത്തു. മഠത്തില്‍ നിന്ന് പുറത്തായാല്‍ തനിക്ക് പോകാന്‍ ഇടമില്ലെന്നും തെരുവിലേക്ക് ഇറക്കി വിടരുതെന്നും കോടതിയിലും പുറത്തും ലൂസി പരാതിപ്പെട്ടു. മഠത്തില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ച് അപേക്ഷിച്ചെങ്കിലും ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

സിവില്‍ കോടതിയെ തന്നെ ഇക്കാര്യത്തില്‍ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മുൻകന്യാസ്ത്രീ സ്വന്തം കേസില്‍ സ്വയം വാദിക്കാന്‍ ഹാജരായത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റി. കേസ് വിധി പറയാനായി മാറ്റി.

സഭാ ചട്ടങ്ങളനുസരിച്ച് മൂന്നാമത് അപ്പീൽ ചെയ്യാനും വ്യവസ്ഥയുണ്ടെന്നും ഇതിനുള്ള അവസരം നൽകണമെന്നും ലൂസി വാദിച്ചു. മഠം വിട്ടു പുറത്തുപോകാറില്ലെന്ന ലൂസിയുടെ വാദത്തെ സഭയുടെ അഭിഭാഷകൻ എതിർത്തു. നിരവധി തവണ ലൂസി മഠം വിട്ട് പുറത്തുപോകുകയും പലയിടങ്ങളിലും യാത്ര ചെയ്യുകയും താമസിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

വയനാട് കാരയ്ക്കാമലയിലെ മഠത്തിൽ നിന്നും കൊച്ചിയിലെത്തിയാണ് കേസ് നടത്തുന്നതെന്നും സഭാ അഭിഭാഷകൻ പറഞ്ഞു. മഠത്തിൽ കഴിയുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ലൂസി കോടതിയെ സമീപിച്ചത്. വാദത്തിനിടെയാണ് മഠത്തിൽ തങ്ങാനുള്ള നിയമസാധുതാ പ്രശ്‌നം ഉയർന്നത്.