തിരുവനന്തപുരം: കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് വൃക്കയും കരളും വിൽപ്പനയ്ക്ക് വച്ച നഗരത്തിലെ തെരുവ്ഗായകൻ റൊണാൾഡിന് സഹായവുമായി കോൺഗ്രസ് നേതാവ് പിടി തോമസ് എംഎൽഎ. തിരുവനന്തപുരം മ്യൂസിയത്തിനടുത്താണ് മുച്ചക്ര വാഹനത്തിൽ വൃക്കയും കരളും വിൽക്കാനുണ്ടെന്ന് എഴുതിയ ബോർഡുമായി തെരുവു ഗായകൻ റൊണാൾഡ് ഇരുന്നത്. ഇതറിഞ്ഞ് പിടി തോമസ് ഇയാളെ സഹായിക്കാൻ എത്തുകയായിരുന്നു.
റൊണാള്‍ഡിന് വീടുവെച്ചു നല്‍കാന്‍ ചിലര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിന് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പി.ടി. തോമസ് അറിയിച്ചു. റൊണാള്‍ഡിന്റെ ജയിലിലായ മകന് നിയമസഹായവും മറ്റൊരു മകന് വൈദ്യസഹായവും ഉറപ്പുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കിറ്റക്സ് മുതലാളിയോട് സർക്കാരിന് മൃദുസമീപനവും വ്യാപാരികളുടെ ആവശ്യത്തോട് ധിക്കാരവുമാണെന്ന് പിടി തോമസ് കുറ്റപ്പെടുത്തി.
റൊണാൾഡിനെക്കുറിച്ച് പിടി തോമസിൻ്റെ കുറിപ്പ് ഇങ്ങനെ
തിരുവനന്തപുരം മ്യൂസിയത്തിനടുത്ത് വൃക്കയും കരളും വിൽക്കാനുണ്ടെന്ന് എഴുതിയ മുച്ചക്ര വാഹനത്തിൽ ഇരിക്കുന്ന തെരുവു ഗായകൻ റൊണാൾഡിനെ ഇന്ന് ഞാൻ കാണുകയുണ്ടായി. കോവിഡ് മഹാമാരിയുടെ ദുരിതം പേറുന്ന റൊണാൾഡിന്റെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്.
വ്യാപാരി വ്യവസായികൾ പരിമിതമായിട്ടെങ്കിലും തങ്ങളുടെ സ്ഥാപനം തുറക്കണമെന്ന ആവശ്യവും റൊണാൾഡിന്റെ ദുരിതവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്.
കടകൾ തുറന്നിരുന്നു എങ്കിൽ തെരുവ് ഗായകന് അന്നം മുട്ടുമായിരുന്നില്ല.
ഇങ്ങനെ എത്രയെത്ര പേരാണ് ദുരിതക്കയത്തിൽ മുങ്ങിത്താഴുന്നത്.
കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് ധിക്കാരവും,
“പൊട്ടക്കിണറ്റിലെ തവളയോട്” തന്റെ ഗവണ്മെന്റിനെ ഉപമിച്ച കിറ്റക്ക്സ് മുതലാളിയോട് മൃദുസമീപനവും മുഖ്യമന്ത്രിയുടെ വേറിട്ട രണ്ട് മുഖങ്ങൾ ആണ്.
മാലോകർ എന്ത് മനസിലാക്കണം…