സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ; സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കൊറോണ പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. രോഗസ്​ഥിരീകരണ നിരക്കി​ക്കിൻ്റെ അടിസ്​ഥാനത്തിൽ എ, ബി, സി, ഡി വിഭാഗങ്ങളിൽ കട തുറക്കുന്നതിന്​ നിയന്ത്രണം ഒഴിവാക്കണമെന്നും​ വ്യാപാരികൾ ആവശ്യപ്പെട്ടു. വാടക, വൈദ്യുതി, വിവിധ കുറികൾ തുടങ്ങിയ ഇനങ്ങളിൽ വലിയ ബാധ്യതയാണ്​ വ്യാപാരികൾക്കുള്ളത്​.

നോട്ടു നിരോധനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ വ്യാപാരികൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുത്തും കെട്ടു താലി വരെ പണയപ്പെടുത്തിയും സീസൺ കച്ചവടമെങ്കിലും നേടി എങ്ങനെയെങ്കിലും സ്ഥാപനങ്ങൾ നിലനിർത്താൻ നോക്കുമ്പോഴാണ് വീണ്ടും ലോക്ഡൗണായത്.

വ്യാപാരികളെ മാത്രം ലക്ഷ്യം വച്ച് കൊണ്ട് അശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ ടിപിആർ നിശ്ചയിച്ച് വിവിധതരം കാറ്റഗറിയുണ്ടാക്കുകയും വ്യാപാര സ്ഥാപനങ്ങളെ മാത്രം ബലിയാടാക്കി അടച്ചിടുകയും വ്യാപാരികളെയും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിയിലേക്കും വലിച്ചെറിയുകയും ചെയ്യുന്ന ജനദ്രോഹ നയം ഉപേക്ഷിക്കുക, കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തുന്നത്.

വിവിധ വായ്​പകളെടുത്ത്​ കടയി​ൽ സാധനങ്ങൾ ഇറക്കിയവരാണ്​ അധികവും​. കടകൾ തുറന്നാൽ പോലും ഈ നഷ്​ടം നികത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്​ കടതുറക്കാൻ അനുവദിക്കണം. ചുരുങ്ങിയ മണിക്കൂറുകൾ കട തുറക്കുന്നതിലൂടെ വലിയ നഷ്​ടമാണ്​ സംഭവിക്കുന്നത്​. നിസ്സാര കാരണങ്ങൾക്കുപോലും പിഴ ഈടാക്കുന്നത്​ ഒഴിവാക്കണമെന്നും ഇവർ ഉന്നയിക്കുന്നു. ബുധനാഴ്​ചക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്​ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉറപ്പുനൽകിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ല പ്രസിഡൻറ്​ കെ. അഹമ്മദ്​ ശരീഫ്​ പറഞ്ഞു.