തിമിംഗല ഛര്‍ദ്ദി പ്രതികള്‍ക്ക് കൈമാറിയത് തിരൂരുള്ള മത്സ്യത്തൊഴിലാളി; കൈമാറ്റം മൂല്യം അറിയാതെയെന്ന് മൊഴി

തൃശൂര്‍: ചേറ്റുവയില്‍ നിന്ന് പിടിച്ചെടുത്ത 30 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്) പ്രതികള്‍ക്ക് കൈമാറിയത് തിരൂരുള്ള മത്സ്യത്തൊഴിലാളിയെന്ന് സൂചന. ഇതിന്റെ മൂല്യം മനസിലാക്കാതെയാണ് പ്രതികളിലൊരാളായ ഹംസയ്ക്ക് മത്സ്യത്തൊഴിലാളി കൈമാറിയതെന്നാണ് മൊഴി.

എന്നാല്‍, ഇത് അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. മത്സ്യത്തൊഴിലാളിയുടെ പേരുവിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നാളെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് തിരൂരിലെത്തി തെളിവെടുക്കാനാണ് ശ്രമം.

കോടികള്‍ വിലമതിക്കുന്ന ഇടപാടുമായി ബന്ധപ്പെട്ട് വന്‍സംഘം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. ആന്ധ്രയിലെ ഗുണ്ടൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ ഇവര്‍ ബന്ധപ്പെട്ടിരുന്നോയെന്ന് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.

സുഗന്ധദ്രവ്യവും മരുന്നും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി റഫീഖ്, ഫൈസല്‍, ഹംസ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികളെ ചാവക്കാട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പിടികൂടിയ ആംബര്‍ ഗ്രിസ് കോടതിക്ക് കൈമാറി. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല.