ബാംകോക്: ചൈനയുടെ സീനോവാക് വാക്‌സിനെടുത്ത തങ്ങളുടെ ആരോഗ്യ പ്രവർത്തകർക്കെല്ലാം വീണ്ടും കൊറോണ ബാധിക്കുന്നതായി തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 6,77,348 ആരോഗ്യ പ്രവർത്തകർക്കാണ് സീനോവാക്ക് വാക്‌സിൻ രണ്ട് ഡോസ് ലഭിച്ചത്. ഇതിൽ 618 പേർക്ക് വീണ്ടും രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് പറയുന്നു.
ഇതിൽ ഒരു നഴ്‌സ് മരണമടഞ്ഞതായും ഒരു ആരോഗ്യ പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും തായ്‌ലൻഡ് സർക്കാർ അറിയിച്ചു. ഇതുകാരണം ആരോഗ്യ പ്രവർത്തകർക്ക് ഒരു ബൂസ്‌റ്റർ ഡോസ് കൂടി നൽകാനാണ് തീരുമാനം.
ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധത്തിന് മൂന്നാമത് ഡോസ് വാക്‌സിൻ നിർദ്ദേശിച്ചതായി രാജ്യത്തെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ സോപൊൻ ഇമസിരിത്തവൊൻ പറഞ്ഞു. ഇത് അസ്‌ട്ര സെനെക്കയുടെ വാക്‌സിനോ മറ്റൊരു എംആർഎൻഎ വാക്‌സിനോ ആകുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്‌ച തായ്‌ലൻഡിൽ 9418 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 3.36 ലക്ഷമാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം. ഈ വർഷം 15 ലക്ഷം ഫൈസർ, ബയോൺ ടെക് വാക്‌സിനുകൾ ലഭിക്കുമെന്നാണ് തായ്‌ലൻഡ് സർക്കാർ പ്രതീക്ഷിക്കുന്നത്.