കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷകരമെന്ന് ഐഎംഎ

ന്യൂഡെൽഹി: കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷകരമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം ഇനിയും ശമിച്ചിട്ടില്ലാത്ത അവസ്ഥയിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ അശാസ്ത്രീയമായ നിലപാടുകൾ കൊണ്ടുവന്നിരിക്കുന്നേൽ ഐ എം എ ആരോപിച്ചു. ഇപ്പോൾ അനുവർത്തിച്ചുവരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ആളുകൾ കൂട്ടം കൂടുന്നതിന് ഉതകുന്ന രീതിയിൽ ആയി മാറിയിരിക്കുന്നു.

ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളിൽ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ആൾക്കൂട്ടങ്ങൾ ഉണ്ടാവുകയും കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ തന്നെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്. വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോൾ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകൾ ആയി മാറുകയാണ്. ടെസ്റ്റിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റം വരേണ്ടിയിരിക്കുന്നു. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയിൽ അല്ല.

ഇന്ന് കോൺടാക്ട് ട്രേസിംഗ് ടെസ്റ്റിംഗ് ആണ് ആവശ്യമായിട്ടുള്ളത്. ആദ്യകാലത്ത് ഹോം ഐസലേഷൻ ഫലപ്രദമായ ഒരു മാർഗ്ഗമായി കണ്ടിരുന്നെങ്കിലും ഇന്നത് പൂർണ്ണമായും പരാജയപ്പെട്ട അവസ്ഥയിലാണ്. ഒരു വീട്ടിൽ ഒരാൾ പോസിറ്റീവ് ആയി ഐസലേഷനിൽ ഇരിക്കുമ്പോൾ തന്നെ വീട്ടിലുള്ള എല്ലാവരും പോസിറ്റീവ് ആകുന്ന അവസ്ഥയാണ്. വീടുകളിലാണ് ഇന്ന് രോഗവ്യാപനം രൂക്ഷമായി നടക്കുന്നത്, ഓരോ വീടുകളും ക്ലസ്റ്റർ ആയി മാറുന്നു.

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവായവരെ മാറ്റി പാർപ്പിച്ചാൽ മാത്രമേ വീടുകളിലെ ക്ലസ്റ്റർ ഫോർമേഷനും രൂക്ഷ വ്യാപനവും തടയാൻ സാധിക്കുകയുള്ളൂ. പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.

ലോക്ക് ഡൗൺ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണം. ശക്തമായ ബോധവൽക്കരണത്തിലൂടെ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സർക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കൊറോണ മഹാമാരി അടുത്ത ഒന്നോ രണ്ടോ വർഷം കൂടെ തുടർന്നു പോകും എന്നുള്ളത് നമുക്കെല്ലാം അറിവുള്ളതാണ്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ വേണം.

ഇതോടൊപ്പം പ്രധാന്യം ജനങ്ങളിലേക്ക് വാക്‌സിനേഷൻ എത്തിക്കുക എന്നുള്ളത് തന്നെയാണ്. മറ്റെല്ലാ മുൻഗണനകളും മാറ്റിവെച്ചുകൊണ്ട് ഓരോ പൗരനും വാക്‌സിനേഷൻ എത്തിക്കേണ്ട ചുമതലയിൽ സർക്കാർ തീർത്തും പരാജയപ്പെട്ടു എന്നുള്ള കാര്യം പറയാതെ വയ്യ. 70% ജനങ്ങളും ആശ്രയിക്കുന്ന സ്വകാര്യ മേഖലയെ സർക്കാർ നിരാകരിച്ചത് ഇതിന് ഉത്തമോദാഹരണമാണ്.

ഇന്ന് കൊടുക്കുന്ന വാക്‌സിനുകളുടെ നാലിരട്ടി ജനങ്ങളിലെത്തിക്കാൻ സ്വകാര്യ മേഖല കൂടെ ചേർന്നാൽ സാധ്യമാകും. സർവ്വീസ് ചാർജ്ജ് പോലും ഈടാക്കാതെ സർക്കാർ വാക്‌സിൻ സൗജന്യമായി പ്രൈവറ്റ് ആശുപത്രികളിലൂടെ വിതരണം ചെയ്യാം എന്ന് വാഗ്ദാനം ചെയ്തിട്ടുപോലും അത് പരിഗണിക്കാത്ത സർക്കാരിന്റെ നിലപാട് തീർത്തും പ്രതിഷേധാർഹമാണ്. ദിനംപ്രതി നാലര ലക്ഷം ഡോസുകൾ എങ്കിലും കൊടുത്താൽ മാത്രമേ അടുത്ത നാലഞ്ച് മാസങ്ങൾക്കുള്ളിൽ വാക്‌സിനേഷൻ പൂർണ്ണമാക്കാൻ നമുക്ക് സാധിക്കൂ.

നാല് കോടിയോളം ഡോസ് വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കൂ എന്ന് തിരിച്ചറിയണം. വാക്‌സിൻ നയത്തിൽ വരുത്തിയ മാറ്റം പ്രതിരോധ പ്രവർത്തനങ്ങളുടെ മുനയൊടിക്കുന്ന പ്രക്രിയയായി മാറി. കൂടാതെ ജനങ്ങളെ രക്ഷിക്കുന്ന ചുമതലയിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറകോട്ട് പോയി. അടിയന്തരമായി വാക്‌സിൻ ലഭ്യമാക്കി വാക്‌സിനേഷൻ ത്വരിതപ്പെടുത്തിയില്ലെങ്കിൽ അടുത്ത തരംഗവും വൻ നാശം വിതയ്ക്കും എന്നുള്ളതിൽ തർക്കമില്ല.

സിറോ സർവെയലൻസ് പഠനം അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ വൈറസ് ബാധിക്കാൻ സാധ്യതയുള്ള ജനവിഭാഗത്തെ (വൾനറബിൾ പോപ്പുലേഷൻ) തിരിച്ചറിയാൻ സാധിക്കൂ. ജനസംഖ്യയുടെ 30 ശതമാനത്തോളം പേർ മാത്രമേ രോഗം വന്നതിലൂടെയോ വാക്‌സിനേഷനിലൂടെയോ രോഗത്തിനെതിരെയുള്ള പ്രതിരോധ ശക്തി ആർജ്ജിച്ചിട്ടുളളൂ. അതിനർത്ഥം 70 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കാൻ സാധ്യതയുള്ളവരാണ്. ഇവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റേയും പൊതുസമൂഹത്തിന്റേയും ചുമതലയാണ്.

ഇത്തരം ശാസ്ത്രീയ പഠനങ്ങൾ വഴി മാത്രമേ നിയന്ത്രണങ്ങളും മുൻകരുതലുകളും ചെയ്തുകൊണ്ട് ഇവരെ രക്ഷിക്കാൻ സാധിക്കൂ. ദേശീയതലത്തിൽ നടക്കുന്നില്ലെങ്കിൽ സംസ്ഥാനതലത്തിലെങ്കിലും അടിയന്തരമായി സർവ്വേ നടത്തേണ്ടതുണ്ട്. ജനസംഖ്യയുടെ 80 ശതമാനം പേരെങ്കിലും വൈറസിനെതിരെ പ്രതിരോധ ശക്തി ആർജ്ജിച്ചാൽ മാത്രമേ ഈ മഹാമാരി അവസാനിക്കൂ. വാക്‌സിനേഷൻ കാര്യത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി എല്ലാവർക്കും എത്രയും വേഗം വാക്‌സിനേഷൻ എത്തിക്കേണ്ടത് യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ചെയ്യേണ്ട ചുമതലയാണ് എന്ന് ഐ.എം.എ. വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.