ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് വിശ്വാസി സമൂഹം ഇന്ന് വിടയേകും

കോട്ടയം: കാലം ചെയ്ത ഓർത്തഡോക്‌സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് വിശ്വാസി സമൂഹം ഇന്ന് വിടയേകും. പരുമല സെമിനാരിയിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാത്രി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലെത്തിച്ച ഭൗതികദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കബറടക്കും.

ബാവാ ഏറെനാളായി അർബുദ ബാധയെ തുടർന്ന് പരുമല സെന്റ് ജോർജ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇന്നലെ പുലർച്ചെ 2.35ഓടെയായിരുന്നു അന്ത്യം. ചികിത്സയ്ക്കിടെ ബാധിച്ച കൊറോണ ഭേദമായിരുന്നെങ്കിലും പിന്നീട് ആരോഗ്യ സ്ഥിതി വഷളായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും നാളുകളായി ശ്വസിച്ചിരുന്നത്.

സന്ധ്യാനമസ്‌കാരം വരെ പരുമല ദേവാലയത്തിൽ പൊതുദർശനത്തിന് വച്ച ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ എത്തിയിരുന്നു. രാത്രി വൈകി കോട്ടയം ദേവലോകം അരമനയിലെത്തിച്ചപ്പോഴും ഒട്ടേറെ പേർ അന്തിമോപചാരമർപ്പിക്കാനെത്തി.

ഇന്ന് രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിലെ കുർബാനയ്ക്ക് ശേഷം എട്ടോടെ പൊതു ദർശനത്തിനായി അരമന കോമ്പൗണ്ടിൽ ക്രമീകരിച്ചിട്ടുള്ള പന്തലിലേയ്ക്ക് ഭൗതികദേഹം മാറ്റി. തുടർന്ന് വിടവാങ്ങൽ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നിന് ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ പരിശുദ്ധ മദ്ബഹായിലേയ്ക്ക് കൊണ്ടു വരും. അഞ്ചോടെ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിനോട് ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവമാരുടെ കബറിടത്തോട് ചേർന്ന് സംസ്‌ക്കാരം നടത്തും.