അസുഖം ഭേദമാക്കുന്നതിന് ഇരുമ്പ് പഴുപ്പിച്ച്‌ ദേഹത്ത് വച്ച്‌ മാതാവ്; അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ജയ്പുർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞിന് ദാരുണാന്ത്യം. ഉദര സംബന്ധമായ അസുഖം ഭേദമാക്കുന്നതിനായി കുഞ്ഞിന്റെ മാതാവ് ഇരുമ്പ് പഴുപ്പിച്ച്‌ മുദ്രകുത്തിയതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് റിപ്പോർട്ട്. ലുഹാരിയ ഗ്രാമത്തിലെ രമേഷ് ഭഗാരിയ-ലാഹരി ദമ്പതികളുടെ മകൾ ലീലയാണ് മരിച്ചത്.

കുഞ്ഞിന് ഒരുമാസമായി അസുഖമായിരുന്നു. പാൽ കുടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുഞ്ഞ് എപ്പോഴും കരച്ചിലായിരുന്നു. തന്റെ മകൾക്ക് ഉദര സംബന്ധിയായ അസുഖമാണെന്നായിരുന്നു ലാഹരി കരുതിയത്. പ്രദേശത്തെ താന്ത്രികാചാര്യനെ സമീപിക്കാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഇതേ തുടർന്നാണ് അസുഖം ഭേദമാകുമെന്ന് കരുതി ലാഹരി കുഞ്ഞിന്റെ ശരീരത്തിൽ ഇരുമ്പ് പഴുപ്പിച്ച്‌ വച്ചത്.

കുഞ്ഞിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് മഹാത്മ ഗാന്ധി ആശുപത്രിയിലെത്തിച്ചു. തുടർന്ന് വെന്റിലേറ്ററിലാക്കിയെങ്കിലും ഏഴുമണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.