തിരുവനന്തപുരം: ബ്ലേഡ് മാഫിയാ സംഘം വിഴിഞ്ഞം കോളിയൂരിൽ ജെസിബി ഉപയോഗിച്ച് വീട് ആക്രമിച്ചതായി പരാതി. അക്രമികൾ വീടിന്റെ ചുറ്റുമതിൽ തകർത്തു. അതേസമയം, ഈ വീടും സ്ഥലവും തന്റെ പേരിലാണെന്നും അതിനെ തുടർന്നാണ് വീട് പൊളിക്കാനെത്തിയതെന്നും പലിശയ്ക്ക് പണം നൽകിയയാൾ പറഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. അക്രമികളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
കോളിയൂർ ജംഗ്ഷനു സമീപം താമസിക്കുന്ന മിനിയുടെ വീടാണ് ഇന്ന് രാവിലെ ഏഴരയോടെ ആക്രമിക്കപ്പെട്ടത്. 21 വർഷം മുൻപ് മിനി സഹോദരന്റെ ആവശ്യത്തിനായി ഒന്നര ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നു. 60,000 രൂപ തിരികെ അടച്ചിരുന്നു.
ബാക്കി തുകയും പലിശയുമടക്കം 91,000 രൂപ മടക്കി നൽകാത്തതിനെ തുടർന്ന് കേസ് കോടതിയിലെത്തി. അതിനെ തുടർന്ന് മിനിയും പ്രായപൂർത്തിയായ മകളും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറി. ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാൽ മകൾ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് കഴിഞ്ഞുവരുന്നത്.
ഇതിനിടെയാണ് ഇന്ന് രാവിലെ ബ്ലേഡ് മാഫിയാ സംഘം എത്തി വീട് ആക്രമിച്ച് മതിൽ തകർത്തത്. നാട്ടുകാർ ഇടപെട്ട് ഇത് തടയുകയും വിഴിഞ്ഞം പൊലീസ് എത്തി പ്രതികളെയും ഇവരുടെ വാഹനവും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വീട്ടമ്മ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.