താലിബാൻ ഭീകര ആക്രമണം രൂക്ഷമായി ; കാണ്ഡഹാർ കോൺസുലേറ്റിലെ 50 നയതന്ത്ര , സുരക്ഷാ ഉദ്യോഗസ്ഥരെ ഇന്ത്യ ഡെൽഹിയിൽ തിരികെയെത്തിച്ചു

കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാർ കോൺസുലേറ്റിൽ നിന്ന് 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫുകളെയും തിരികെ നാട്ടിലേക്ക് എത്തിച്ച്‌ ഇന്ത്യ. താലിബാൻ ഭീകരരുടെ ആക്രമണം ശക്തമായതിന് പിന്നാലെയാണ് നടപടി. വ്യോമസേനാ വിമാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

എംബസിയിൽ അത്യാവശ്യം ജീവനക്കാർ മാത്രമാണിപ്പോൾ ഉള്ളത്. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. നയതന്ത്ര ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഐടിബിപി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ ഡെൽഹിയിൽ എത്തിച്ചത്.

യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ ആരംഭിച്ച താലിബാൻ ആക്രമണം വീണ്ടും വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷാ നടപടികൾ സ്വീകരിച്ചത്. കാണ്ഡഹാറിൽ പാക് ആസ്ഥാനമായ ലഷ്‌കർ ഇ ത്വായ്ബ ഭീകരർ തമ്പടിച്ചിരിക്കുകയാണ്. ഇത് കൂടാതെ 7000 ത്തോളം ലഷ്‌കർ ഭീകരർ താലിബാൻ സംഘടനയുമായി ചേർന്ന് ആക്രണം നടത്തുന്നുണ്ട് എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചതെന്നാണ് സൂചന.

കാബൂളിലെ എംബസിയും കാണ്ഡാഹാർ, മസാർ ഇ-ഷെരീഫ് എന്നീ നഗരങ്ങളിലെ കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് നാല് ദിവസം മുമ്പ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിയത്. ഇനി അത്യാവശ്യ പ്രവർത്തനങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്.

അഫ്ഗാൻ്റെ 85 ശതമാനം പ്രവിശ്യകളും താലിബാൻ്റെ നിയന്ത്രണത്തിലായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോൾ താലിബാൻ്റെ പക്കലാണ്.

താലിബാൻ തീവ്രവാദികൾ അതിവേഗത്തിലാണ് ഈ മേഖലകളിൽ മുന്നേറുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കാബൂൾ വീഴാൻ ഇനി അധികം നാളുകളില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ചൊവ്വാഴ്ച വരെയും കാബൂളിലെയും മസർ – ഇ – ഷെരീഫിലെയും ഇന്ത്യൻ എംബസികൾ അടയ്ക്കില്ലെന്ന് തന്നെയാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

എന്നാൽ, പിന്നീട് സാഹചര്യം തീരെ വഷളായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാൻ തീരുമാനമായത്. അഫ്ഗാനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രതയോടെ തുടരണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നേരത്തേ എംബസി നിർദേശം പുറത്തിറക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും ഉണ്ടായേക്കാമെന്നും, ജാഗ്രത വേണമെന്നും എംബസി വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടേത് അടക്കമുള്ള വിദേശ സേനകളുടെ പിന്മാറ്റം ഏതാണ്ട് പൂർണമായതിന് പിന്നാലെയാണ് താലിബാൻ കൂടുതൽ മേഖലകൾ പിടിച്ചടക്കാൻ തുടങ്ങിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട സൈനികസാന്നിധ്യമാണ് അഫ്ഗാനിൽ നിന്ന് പിൻവലിക്കാൻ സഖ്യസേന തീരുമാനിച്ചത്.

അതേസമയം അഫ്ഗാന്റെ ഏഴ് പൈലറ്റുകളെ താലിബാൻ കൊലപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വ്യോമസേന പൈലറ്റുകളെ താലിബാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. അമേരിക്കയും സഖ്യകക്ഷി സേനയും പിന്മാറിയതിനു തൊട്ടു പിറകെയാണ് അഫ്ഗാൻ പൈലറ്റുകളെ താലിബാൻ വേട്ടയാടുന്നത്.

എയർ ഫോഴ്സ് മേജറായ ദസ്തഗിർ സമറായെ പതിനാലുകാരനായ മകന്റെ മുന്നിൽ വച്ചാണ് താലിബാൻ കൊലയാളി ഇല്ലാതാക്കിയത്. തന്റെ സ്ഥലം വിൽക്കാനായി റിയൽ എസ്റ്റേറ്റ് ഓഫീസിലെത്തിയ സമറായ് തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. താലിബാനുമായി താരതമ്യപ്പെടുത്തുമ്പോൾ അഫ്ഗാനിസ്താന്റെ ശക്തിയാണ് വ്യോമസേന. അമേരിക്കൻ പരിശീലനം ലഭിച്ച വ്യോമസേന പൈലറ്റുമാരാണ് അഫ്ഗാനിസ്താനുള്ളത്.