തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ കൊഫെപോസ പ്രതി പി എസ് സരിത്തിനെ പൂജപ്പുര സെൻട്രൽ ജയിലിൽ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടക്കി കൊണ്ടുവന്നതിനാലാണ് ക്വാറന്റൈനിനായി പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയത്. ശേഷം പഴയ സെല്ലിലേക്ക് മാറ്റും.
എറണാകുളത്ത് എൻഐഎ കോടതിയിൽ ഹാജരാക്കാനായാണ് കഴിഞ്ഞ ദിവസം സരിത്തിനെ ജയിലിനു പുറത്തേക്ക് കൊണ്ടുപോയത്. അഭിഭാഷകൻ മുഖേന സരിത് നൽകിയ അപേക്ഷയെ തുടർന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്ഗ്രസ് നേതാക്കളുടെ പേരു പറയാൻ ജയിൽ സൂപ്രണ്ട് അടക്കമുള്ളവർ സമ്മർദം ചെലുത്തിയതായി സരിത് മൊഴി നല്കിയതായ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.