തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി. നാല് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുമുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
നാളെ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നാളെ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 12ന് കണ്ണൂർ ജില്ലയിലും 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ പെയ്യാനിടയുണ്ട്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെയും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ 12നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 13നും ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്തേക്കാം.
13 വരെ കേരള തീരത്തെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിലുള്ളവർ മുൻകൂട്ടി തയാറെടുക്കണമെന്നും അതോറിറ്റി അറിയിച്ചു.