സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം : കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല.

അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെഎസ്ആര്‍ടിസി ഏതാനും സര്‍വീസുകള്‍ നടത്തും. നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.

കൊറോണ സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന യോഗം ഇന്നു വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും. പുതിയ നിയന്ത്രണങ്ങളും ഇളവുകളും വന്നശേഷമുള്ള നാലുദിവസത്തെ സ്ഥിതി യോഗം അവലോകനം ചെയ്യും.

ടിപിആര്‍ അടിസ്ഥാനമാക്കി 0-5 ( എ വിഭാഗം), 5-10 ( ബി വിഭാഗം), 10-15 ( സി വിഭാഗം), 15 ന് മുകളില്‍ ( ഡി വിഭാഗം) എന്നിങ്ങനെ പുനക്രിമീകരിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ഇളവുകളും നിയന്ത്രണങ്ങളും വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു. ടിപിആര്‍ 15 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം തുടരും.