സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തത് എന്തുകൊണ്ട് ? ; ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിൻ്റെ നിലപാട് തേടി

കൊച്ചി: സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതി. നിമയം നിര്‍ബന്ധമായും നടപ്പാക്കാത്തതിന്റെ കാരണം തേടിയ കോടതി സ്ത്രീധന നിരോധന ഓഫിസര്‍മാരുടെ നിയമനത്തിന് തടസ്സം എന്താണെന്നും ചോദിച്ചു. സ്ത്രീധന പീഡന പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും, നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിലും കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. പെരുമ്പാവൂര്‍ സ്വദേശിനി ഡോക്ടര്‍ ഇന്ദിര രാജനാണ് വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്ത്രീധന പീഡനത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷന്‍ നടത്താവു എന്ന് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.