തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസ്; ഇടപാടിൽ പങ്കുള്ള ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ നീക്കം

പത്തനംതിട്ട: തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നതായി ആരോപണം. സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാണ് പുരോഗമിക്കുന്നത്. അതേസമയം ഒളിവിലുള്ള ഉന്നത ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.

ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ നിന്ന് വൻ സ്പിരിറ്റ് വെട്ടിപ്പ് നടത്തിയ വമ്പന്മാരെ രക്ഷപെടുത്തി കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിക്കുന്നതായാണ് ആരോപണം. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ കേസിൽ പ്രതികളായ സ്ഥാപനത്തിലെ ജനറൽ മാനേജർ ഉൾപ്പടെയുള്ളവരെ രക്ഷിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്. സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അതേസമയം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും മദ്യക്കമ്പനിയുടെ ജനറൽ മാനേജർ അലക്സ് പി.എബ്രഹാം, പേഴ്‌സണൽ മാനേജർ ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരെക്കുറിച്ച് അന്വേഷണം നടക്കാത്തത് ഇവരെ രക്ഷപെടുത്താനാണെന്ന സംശയം ബലപ്പെടുത്തുന്നു.

ഒളിവിൽ തുടരുന്ന പ്രതികളുടെയും പ്രതികളുടെ അടുത്ത ബന്ധുക്കളുടെയും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും പ്രതികളെ പിടികൂടാനും അന്വേഷണ സംഘം ശ്രമിക്കുന്നില്ല എന്നതും സംശയം ബലപ്പെടുത്തുന്നു. ചെറിയ മോഷണക്കേസിൽ പോലും പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ അനായാസമായി ശേഖരിക്കുന്ന പോലീസ് സ്പിരിറ്റ് ചോർത്തൽ കേസിലെ വമ്പൻ പ്രതികളുടെ കോൾ വിവരങ്ങൾ പോലും ശേഖരിച്ചിട്ടില്ല.

പ്രതികളായ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ആറാം പ്രതി മേഘ മുരളി ഹൈക്കോടതിയിലും നാലും അഞ്ചും പ്രതികളായ അലക്സ് പി ഏബ്രഹാമും ഹാഷിമും പത്തനംതിട്ട സെഷൻസ് കോടതിയിലുമാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. മൂവരുടെയും ജാമ്യാപേക്ഷ അടുത്ത ആഴ്ച കോടതി പരിഗണിക്കും. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിയിൽ മാനേജരായി തുടരുന്നവരുടെ അറിവില്ലാതെ ഇത്രയും വലിയ വെട്ടിപ്പ് നടക്കില്ലെന്നാണ് കമ്പനിയിലെ മുൻ ഉദ്യോഗസ്ഥർ പോലും ചൂണ്ടിക്കാട്ടുന്നത് .