കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളിയെ കൊടുവള്ളിയിൽ വീണ്ടും കവർച്ചാ സംഘം സ്കൂട്ടറിൽ വലിച്ചിഴച്ചു. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ജാർഖണ്ഡ് സ്വദേശി നജ്മുൽ ശൈഖിനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം പരിക്കേറ്റ നജ്മുലിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുവള്ളി മദ്രസ ബസാറിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. നജ്മുൽ താമസിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ചുകയറിയ സംഘം പണവും മൊബൈൽ ഫോണും കവർന്ന് പുറത്തിറങ്ങി. ശബ്ദം കേട്ട് ഉണർന്ന ഇയാൾ കവർച്ച സംഘത്തിന്റെ പിന്നാലെ പാഞ്ഞു.
രണ്ടു പേരാണ് കവർച്ചയ്ക്കായി മുറിക്കുള്ളിൽ കയറിയത്. മൂന്നാമൻ സ്കൂട്ടറിൽ കാത്തുനിൽക്കുകയായിരുന്നു. നജ്മുലിന്റെ പണവും മൊബൈലും കവർന്ന് ഓടിയെത്തിയ കവർച്ചക്കാർ കാത്തുകിടന്ന സ്കൂട്ടറിൽ കയറി പാഞ്ഞു. പിന്നാലെയെത്തിയ നജ്മുൽ സ്കൂട്ടറിന്റെ പിന്നിൽപിടിച്ച് നിർത്തുവാൻ ശ്രമിച്ചു. എന്നാൽ കവർച്ചാ സംഘം നജ്മുലിനെയും വലിച്ചുകൊണ്ട് മുന്നോട്ടുപോയി. റോഡിൽ ശരീരമുരഞ്ഞ് പരിക്കേറ്റ നജ്മുൽ സ്കൂട്ടറിൽനിന്നും പിടിവിട്ട് വീഴുകയായിരുന്നു.
കഴിഞ്ഞ മൂന്നാം തീയതിയും സമനാമായ സംഭവം ഉണ്ടായിരുന്നു. ബിഹാര്‍ റിഷന്ഗഞ്ച് സ്വദേശി അലി അക്ബറിനെ കവര്‍ച്ചസംഘം റോഡിലൂടെ ബൈക്കില്‍ വലിച്ചിഴച്ചു. ഇരു കാല്‍മുട്ടുകള്‍ക്കും കാല്‍പ്പത്തിയിലും പുറത്തും പരിക്കേറ്റ അലി അക്ബര്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.