കൊച്ചി : ഭീകരാക്രമണ മുൻകരുതൽ ആയി കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് നിരോധനം. മൂന്ന് കിലോ മീറ്റർ പരിധിയ്ക്കുള്ളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൊച്ചി ദക്ഷിണ നാവിക ആസ്ഥാനം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി നാവിക ആസ്ഥാനത്തിന് പുറമേ കളമശ്ശേരിയിലെ ആയുധ ഡിപ്പോയുടേയും, ഫോർട്ട് കൊച്ചിയിലെ പരിശീലന കേന്ദ്രത്തിന്റെയും പരിസരങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളോ വിദൂര നിയന്ത്രണ സംവിധാനമുപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുവിമാനങ്ങളോ പറപ്പിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.
ഉത്തരവ് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഉത്തരവ് ലംഘിച്ച് പറപ്പിക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുകയോ, നശിപ്പിക്കുകയോ ചെയ്യുമെന്നും നാവിക സേന അറിയിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം കഴിഞ്ഞ ആഴ്ച വിശാഖപട്ടണത്തെ നാവിക ആസ്ഥാനവും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.