ചെഗുവേരയുടെ ചിത്രം പച്ചകുത്തി സെല്‍ഫി എടുത്തല്ല കമ്യൂണിസ്റ്റ് ആകേണ്ടത്; കൊലയും ക്വട്ടേഷനും പൊട്ടിക്കലുമല്ല കമ്യൂണിസമെന്ന് സിപിഐ

കണ്ണൂര്‍ : ചെഗുവേരയുടെ ചിത്രം പച്ചകുത്തി സെല്‍ഫി എടുത്തല്ല കമ്യൂണിസ്റ്റ് ആകേണ്ടത്. കൊലയും ക്വട്ടേഷനും പൊട്ടിക്കലുമല്ല കമ്യൂണിസമെന്ന് സിപിഐ. പാര്‍ട്ടി മുഖപത്രം ജനയുഗത്തിലെ ലേഖനത്തിലാണ്, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. ക്രിമിനല്‍ സൈബര്‍ സംഘങ്ങള്‍ക്ക് കേരളം മുഴുവന്‍ ആരാധകരുണ്ട്. ഇത് ഭയപ്പെടുത്തുന്നതെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ ലേഖനത്തില്‍ പറയുന്നു.

രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയല്ല കമ്യൂണിസ്റ്റ് ആകേണ്ടത്. കള്ളക്കടത്ത്ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കള്‍, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

തില്ലങ്കേരിമാര്‍ കരുതുന്നത് ജന്മിത്വത്തിനെതിരായ പോരാട്ടമെന്നാണ്. തില്ലങ്കേരിമാരുടെ പോസ്റ്റിന്റെ സ്വീകാര്യത ഭയപ്പെടുത്തുന്നതാണ്. പാതാളത്താഴ്ചയുള്ള ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്തിക്കൊണ്ട്’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യുന്നു. മാഫികളെ തള്ളിപ്പറയുന്ന നേതാക്കളെ ഇവര്‍ വെല്ലുവിളിക്കുന്നു.

ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല ഇന്നാട്ടില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ ഈ പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യം. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനല്‍വല്‍ക്കരണത്തില്‍ പ്രധാന ഘടകമാണ്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പുറത്തു നിന്നുള്ള ഇത്തരം സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.