തമിഴ്​നാട്​ ഫിഷറീസ്​ മന്ത്രി ആര്‍ അനിത രാധാകൃഷ്​ണനെ മത്സ്യത്തൊഴിലാളി പൊക്കിയെടുത്ത്​ കരക്കെത്തിച്ചത് വിവാദമായി; വിശദീകരണവുമായി മന്ത്രി

ചെന്നൈ: തമിഴ്​നാട്​ ഫിഷറീസ്​-മൃഗ സംരക്ഷണ മന്ത്രി ആര്‍ അനിത രാധാകൃഷ്​ണനെ മത്സ്യത്തൊഴിലാളി പൊക്കിയെടുത്ത്​ കരക്കെത്തിച്ചത്​ വിവാദമാകുന്നു. കടല്‍ മണ്ണൊലിപ്പ്​ പരിശോധിച്ച്‌​ മടങ്ങവെ ചെരിപ്പുകള്‍ നനയാതിരിക്കാനായിരുന്നു മന്ത്രിയെ പൊക്കിയെടുത്ത്​ കരക്കെത്തിച്ചത്.

വ്യാഴാഴ്​ച രാവിലെ തിരുവള്ളൂര്‍ ജില്ലയിലെ പളവര്‍കാട് പ്രദേശം സന്ദര്‍ശിക്കാനാണ്​ മന്ത്രിയും ഉദ്യോഗസ്​ഥ സംഘവുമെത്തിയത്​. ഏഴ്​ യാത്രക്കാര്‍ മാത്രം കയറാന്‍ശേഷിയുള്ള ബോട്ടില്‍ മന്ത്രി ഉള്‍പ്പെടെ മുപ്പതോളം പേര്‍ കയറിയതോടെ ചാഞ്ഞു. തുടര്‍ന്ന്​ കുറച്ചുപേരെ ഇറക്കിവിടുകയായിരുന്നു.
പിന്നീട്​ മടങ്ങിയെത്തിയ മന്ത്രിക്ക്​ ബോട്ടില്‍ നിന്നിറങ്ങാന്‍ പ്ലാസ്​റ്റിക്​ കസേര ​ വെച്ചു കൊടുത്തു.

വെള്ള കാന്‍വാസ്​ ഷൂവാണ്​ മന്ത്രി ധരിച്ചിരുന്നത്​. കസേരയിലേക്ക്​ ഇറങ്ങിനിന്ന ഷൂ നനയുമെന്ന്​ ശങ്കിച്ചുനില്‍ക്കവെയാണ്​ മുട്ടളവ്​ വെള്ളത്തില്‍ നിന്നിരുന്ന മത്സ്യത്തൊഴിലാളി മന്ത്രിയെ പത്തടി ദുരം പൊക്കിയെടുത്ത്​ കരക്കെത്തിച്ചത്​. മറ്റു ചിലര്‍ സഹായിക്കുന്നുണ്ടായിരുന്നു.

ഇതി​ൻ്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. താന്‍ വെള്ളത്തിലിറങ്ങാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ സ്​നേഹത്തോടെയുള്ള പെരുമാറ്റത്തിന്​ വഴങ്ങുകയായിരുന്നു​ വെന്നും മന്ത്രി പ്രതികരിച്ചു.