തൃശൂരിൽ സല്യൂട്ട് പൂരം; തലങ്ങും വിലങ്ങും സല്യൂട്ടുകള്‍; മനം നിറഞ്ഞ് മേയർ; പരിഹാസവുമായി പ്രതിപക്ഷം

തൃശൂർ: നഗരവാസികൾക്ക് പുതുമയായി കേര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സല്യൂട്ട് പൂരം നിറഞ്ഞപ്പോൾ സല്യൂട്ടുകൾക്കായി തുടിച്ച മേയർക്ക് സംതൃപ്തി. മുൻ മേയർ രാജൻ ജെ പല്ലൻ്റെ നേത്യത്വത്തിൽ സല്യൂട്ടടിച്ച പ്രതിപക്ഷ നഗരസഭാംഗങ്ങൾക്ക് പരിഹാസം. കുറച്ച് നേരം ഹാളിൽ ചിരി പടർന്നെങ്കിലും ഒടുവിൽ പ്രശ്നത്തിന് പരിഹാരമായി. പൊലീസുകാര്‍ തനിക്ക് സല്യൂട്ട് ചെയ്യുന്നില്ലെന്ന് ഡിജിപിക്ക് പരാതി നല്‍കിയ മേയര്‍ എം കെ വര്‍ഗീസിനെയാണ് കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് സല്യൂട്ട് ചെയ്ത്.

കേര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞു. ഇതിനിടെയാണ് സല്യൂട്ട് വിവാദത്തില്‍ മേയറെ പരിഹസിക്കാനായി പ്രതിപക്ഷാംഗങ്ങള്‍ മേയറെ സല്യൂട്ട് ചെയ്തത്.

തുരുതുരെ സല്യൂട്ട് വന്നപ്പോള്‍ മേയറും പതറിയില്ല. എത്ര കിട്ടിയാലും പോരട്ടെ എന്ന മട്ടിൽ തിരിച്ചു മൂന്നുവട്ടം മേയറും സല്യൂട്ട് ചെയ്തു. ഒരു സല്യൂട്ട് നേരെയും ഒരു സല്യൂട്ട് ഹാളിന്റെ ഇടതു വശത്തേക്കും ഒരു സല്യൂട്ട് വലതു വശത്തേക്കും. ഇതോടെ സല്യൂട്ട് കിട്ടുന്നില്ലെന്ന പരാതി തീർന്നുവെന്നാണ് കോർപറേഷൻ അംഗങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക കാറില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന് പറഞ്ഞ് ഡിജിപിക്കാണ് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പരാതി നല്‍കിയത്. തനിക്ക് വേണ്ടി മാത്രമല്ല ഈ ആവശ്യമെന്നും കേരളത്തിലെ എല്ലാ മേയര്‍മാര്‍ക്കും വേണ്ടിയാണെന്നുമായിരുന്നു എംകെ വര്‍ഗീസ് അന്ന് പറഞ്ഞത്. പ്രോട്ടോക്കോള്‍ പ്രകാരം മേയറെയും ബഹുമാനിക്കേണ്ടതാണ്.

എംപിക്കും എംഎല്‍എക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവര്‍ക്ക് സല്യൂട്ട് നല്‍കാത്തത് അപമാനിക്കലാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു. എന്നാൽ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നാണ് അസോസിയേഷന്റെ നിലപാട്.