കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലുണ്ടായ തോൽവി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് ജോസ്. കെ. മാണി. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാർട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോൺഗ്രസ് എം ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് അന്വേഷിക്കാനുള്ള സിപിഎം തീരുമാനത്തിലാണ് ജോസ്.കെ. മാണിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പാലായിലെ തോൽവി പരിശോധിക്കാൻ തീരുമാനമെടുത്തത്. നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന കമ്മറ്റിയോഗം കമ്മീഷനെ തീരുമാനിക്കും. പാലായിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്ന് സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു.
സിപിഎമ്മിന്റെ മാതൃകയില്‍ കേരളാ കോണ്‍ഗ്രസ് എമ്മും തോല്‍വി അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പാലാ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.