ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​ട​ത് എംപി​മാ​രു​ടെ സം​ഘ​ത്തി​നും അനുമതിയില്ല

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​ട​ത് എംപി​മാ​രു​ടെ സം​ഘ​ത്തി​നും അ​നു​വാദമില്ല. രാഷ്ട്രീയ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സ​ന്ദ​ര്‍​ശ​ന​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച് ക​ല​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി അ​നു​മ​തി നി​ഷേ​ധി​ച്ചു.

എം.​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, ഡോ. ​ശി​വ​ദാ​സ​ന്‍, എ​ള​മ​രം ക​രീം, ബി​നോ​യ്​ വി​ശ്വം, ജോ​ണ്‍ ബ്രി​ട്ടാ​സ്, എം.​വി. ശ്രേ​യാം​സ്കു​മാ‌​ര്‍, കെ. ​സോ​മ​പ്ര​സാ​ദ്, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ന്നി​വ​രു​ടെ യാ​ത്ര​യാ​ണ് വി​ല​ക്കി​യ​ത്. സ​ന്ദ​ര്‍​ശ​നം ജ​ന​ങ്ങ​ളുടെ കൂ​ടി​ച്ചേ​ര​ലു​ക​ള്‍​ക്കും അ​തി​ലൂ​ടെ കൊറോണ വ്യാ​പ​ന​ത്തി​നും വ​ഴി​വെ​ക്കു​മെ​ന്നും ദ്വീ​പി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ദ്വീ​പ് നി​വാ​സി​യാ​യ ഒ​രാ​ളു​ടെ സ്പോ​ണ്‍​സ​ര്‍​ഷി​പ് അ​ട​ക്കം സ​ന്ദ​ര്‍​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണ്. ഇതടക്കം ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ എം.​പി​മാ​ര്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു. എന്നാൽ ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ത​ങ്ങ​ള്‍​ക്ക് ഇ​ത് ആ​വ​ശ്യ​മി​ല്ലെ​ന്നാണ് എം.​പി​മാ​രുടെ നിലപാട്.