ഫൈസർ വാക്സിൻ; ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി വേണമെങ്കിൽ അപേക്ഷ നൽകണമെന്ന് ഡ്രഗ്‌സ് കൺട്രോളർ

ന്യൂഡെൽഹി: ഫൈസർ വാക്സിന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി വേണമെങ്കിൽ അപേക്ഷ നൽകണമെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ). ഫൈസറിനോട് നിർദ്ദേശിച്ചു. അടിയന്തിര ഉപയോഗത്തിന് ഫൈസർ അനുമതി തേടിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി ഫൈസറിന് രണ്ട് തവണ കത്തയച്ചിട്ടുണ്ടെന്നും ഡിസിജിഐ അറിയിച്ചു.
കേന്ദ്രസർക്കാരും ഫൈസറും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡിജിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.

ജർമൻ കമ്പനിയായ ബയോൺടെക്കും അമേരിക്കൻ കമ്പനിയായ ഫൈസറും സംയുക്തമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനാണ് ഫൈസർ വാക്‌സിൻ. ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയുള്ള അപേക്ഷ ഫെബ്രുവരിയിൽ ഫൈസർ പിൻവലിച്ചിരുന്നു. ഫെബ്രുവരി 3ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുമായി ചേർന്ന യോഗത്തിന് പിന്നാലെയായിരുന്നു തീരുമാനം. വാക്‌സിന് അനുമതി നൽകണമെങ്കിൽ ആവശ്യമായി വന്നേക്കാവുന്ന കൂടുതൽ വിവരങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഫൈസർ ഇന്ത്യയിൽ നൽകിയ അപേക്ഷ പിൻവലിച്ചത്.

യുകെ, യുഎസ്, ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുമതി നൽകുകയും ലോകാരോഗ്യസംഘടന അംഗീകരിക്കുകയും ചെയ്ത വാക്‌സിനുകൾ ക്ലിനിക്കൽ ട്രയൽ നടത്താതെ തന്നെ രാജ്യത്ത് ഉപയോഗിക്കാൻ ഡിസിജിഐ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസർ അടക്കമുള്ള വാക്‌സിൻ ഇന്ത്യയിൽ എത്താനുള്ള സാദ്ധ്യതകൾ വീണ്ടും വർദ്ധിക്കുന്നത്.