തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐബി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്ന് സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് മുൻ ഐബി ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാര്‍ പറഞ്ഞിട്ടെന്നും സിബി മാത്യൂസ് വെളിപ്പെടുത്തി.
ആർബി ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ് വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിലുമുണ്ട്. മാലി വനിതകളെ ചോദ്യം ചെയ്യുമ്ബോഴാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. തുടർന്ന് നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് ഒരു സ്‌പൈ നെറ്റ് വർക്ക് പ്രവർത്തിച്ചിരുന്നുവെന്ന് ഫൗസിയ ഹസന്റെ മൊഴിയിൽ നിന്ന് വ്യക്തമായിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മറിയം റഷീദക്കും ഫൗസിയ ഹസനും ഒപ്പം ബെംഗളൂരു ആർമി ക്ലബിലേക്ക് പോയ കെഎൽഭാസിയേക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസനെ കാണിച്ച് അവർ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ ഇയാളുടെ പേര് സിബിഐ എവിടെയും ഉപയോഗിച്ചില്ല. പകരം രമൺ ശ്രീവാസ്തവയിലേക്കാണ് എല്ലാ ശ്രദ്ധയും പോയത്. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സിബി മാത്യൂസ് നാലാം പ്രതിയാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.