പാലക്കാട്: നടനും എംഎല്‍എയുമായ മുകേഷിനെ ആറ് തവണ ഫോണില്‍ വിളിച്ചതായി വിദ്യാര്‍ത്ഥി. സ്കൂളിലെ ഒരു കൂട്ടുകാരന് ഫോണ്‍ ലഭിക്കുന്നതിനായാണ് വിളിച്ചതെന്ന് ഒറ്റപ്പാലംകാരനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണു പറഞ്ഞു.
സിനിമാ നടനായതുകൊണ്ടാണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. മുകേഷ് ശകാരിച്ചതില്‍ വിഷമമില്ലെന്നും പത്താംക്ലാസുകാരന് മാധ്യമങ്ങളോട് പറഞ്ഞു.ഫോണില്‍ വിളിച്ചപ്പോള്‍ മീറ്റിംഗിലാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു. ആറ് തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായെന്ന് പറഞ്ഞു. പിന്നേ മുകേഷേട്ടന് തിരിച്ച് വിളിക്കുകയായിരുന്നു.
സ്കൂളിലെ ഫോണ്‍ ഇല്ലാത്ത കുട്ടിക്ക് ഫോണ്‍ ലഭിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. സിനിമാ നടന് കൂടി ആയതിനാല്‍ സഹായിക്കുമെന്ന് കരുതി. ആറ് തവണ വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എംഎല്‍എ എല്ലാവര്ക്കും ഫോണ്‍ കൊടുക്കുന്നുണ്ടെന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ടു ഫോണ്‍ ലഭിക്കുമെന്ന് കരുതി. അങ്ങനെയാണ് വിളിച്ചത്.
ആറ് തവണ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചാല്‍ ഏതൊരാള്‍ക്കും ദേഷ്യം വരുമല്ലോയെന്നും കുട്ടുകാരന് കേള്‍ക്കാന്‍ വേണ്ടി കൂടിയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നും കുട്ടി പറഞ്ഞു. അത് അവന് അയച്ചുകൊടുത്തു. അവന് അവന്റെ അടുത്ത രണ്ട് പേര്‍ക്ക് കൂടി അയച്ചുകൊടുത്തു. പിന്നെ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.- വിദ്യാര്‍ത്ഥി വിശദീകരിച്ചു.
സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് എംഎല്‍എ കയര്‍ത്ത് സംസാരിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മുകേഷ് പരാതി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യര്‍ത്ഥി വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രശ്നം അവസാനിപ്പിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടു. ബാലസംഘത്തിന്റെ നേതാവായ വിദ്യാർഥിയുടെ കുടുംബം സിപിഎം അനുഭാവികളാണ്. അതിനാൽ സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. തനിക്കെതിരായ ഗുഢാലോചനയുടെ ഭാഗമാണ് ഇത്തരം ഫോണ്വിളികളെന്ന മുകേഷിന്റെ വാദവും പൊളിഞ്ഞു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.
അതേസമയം വിഷയത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന നിലപാടിലാണ് മുകേഷ്. സഹായം തേടിയ വിദ്യാർഥിയെ ഉപയോഗിച്ച് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു മുകേഷിന്റെ വാദം. അതിനിടെ മുകേഷിനെതിരേ കൊല്ലത്ത് കെഎസ് യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചൂരലുമായിട്ടാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്.