കരിപ്പൂർ സ്വർണക്കടത്തിൽ വഴിത്തിരിവ്; സ്വർണം വാങ്ങാൻ കണ്ണൂരിൽ നിന്ന് മൂന്നാമതൊരു സംഘം കൂടിയെത്തിയെന്ന് കസ്റ്റംസ്; സംഘത്തലവൻ ഒളിവിൽ

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്. ഷെഫീഖിൽ നിന്ന് സ്വർണം വാങ്ങാനായി കണ്ണൂരിൽ നിന്ന് മറ്റൊരു സംഘം കൂടിയെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ സംഘത്തിൻറെ തലവൻ കണ്ണൂർ സ്വദേശി യൂസഫിനോട് നാളെ കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. ഇയാൾ ഒളിവിലാണ്.

അർജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെ യൂസഫും സ്വർണം തട്ടാൻ മൂന്നാമതൊരു സംഘം കൂടിയെത്തി എന്നാണ് കസ്റ്റംസിൻറെ കണ്ടെത്തൽ. അർജുൻ ആയങ്കിയുടെ പഴയ കൂടിയാളി ആയിരുന്ന യൂസഫാണ് ഈ സംഘത്തിൻ്റെ തലവനെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കസ്റ്റംസ് മുമ്പാകെ ഹാജരായ അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി രേഖപ്പെടുത്തി. അതിനിടെ ജയിലിൽ വധ ഭീഷണിയുണ്ടായെന്ന് മുഖ്യപ്രതി മുഹമ്മദ് ഷെഫീഖ് ആരോപിച്ചു. ഷഫീഖിനെ കാക്കനാട് ജയിലിലേക്ക് മാറ്റി.