ന്യൂഡെൽഹി: കൊറോണ മുക്തിനേടിയവരുടേയും, മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ സ്വീകരിച്ചവരുടേയും ടി – സെല്ലുകൾക്ക് കൊറോണയുടെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്ന് പഠനം. സെൽ റിപ്പോർട്ട് മെഡിസിനിൽ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സഹായകരമായതും, പ്രതികൂലവുമായ ടി സെല്ലുകൾക്ക് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ തിരിച്ചറിയാൻ കഴിയുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
ടി സെല്ലുകൾ പ്രതിരോധ ശേഷിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ആൽഫ (ബി.1.1.7), ബീറ്റ (ബി.1.351), ഗാമ (പി.1), എപ്സിലോൺ (ബി.1.427 / ബി.1.429) എന്നീ നാല് വകഭേദങ്ങളുടെ വിവരങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനം ആരംഭിച്ചതിന് ശേഷമാണ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ഉണ്ടായതെന്ന് ലാ ജൊല്ല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജി (എൽ.ജെ.ഐ) വെബ്‌സൈറ്റിൽ പറയുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങൾ ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളെ കേന്ദ്രീകരിച്ചാണെന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. മൂന്ന് വിഭാഗങ്ങളിലെ ടി സെൽസ് ശേഖരിച്ചാണ് പഠനം നടന്നിരിക്കുന്നത്. കൊറോണ മുക്തി നേടിയവർ, മോഡേണയോ, ഫൈസർ വാക്സിനോ സ്വീകരിച്ചവർ, കൊറോണ വൈറസ് ബാധിച്ചവർ.
മൂന്നു വിഭാഗത്തിൽപ്പെട്ടവരുടെ ടി സെല്ലുകൾ ആൽഫ, ബീറ്റ, ഗാമ, എപ്ലിലോൺ എന്നീ വകഭേദങ്ങളുമായി പരീക്ഷിച്ചു. പ്രസ്തുത വകഭേദങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ടി സെല്ലുകൾ രോഗമുക്തി നേടിയവരിലും, വാക്സിൻ സ്വീകരിച്ചവരിലും കണ്ടെത്തി. ടി സെല്ലുകൾ പ്രവർത്തനം തുടരുന്നത് വരെ പുതിയ വകഭേദങ്ങളെ തിരിച്ചറിയാൻ പ്രതിരോധ ശേഷിയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.