കാസർകോട് തോണി അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ഉദുമ: കാസർകോട് കിഴൂർ കടപ്പുറത്ത് ഫൈബർ തോണി മറിഞ്ഞ് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കുന്ന് കടപ്പുറം സ്വദേശികളായ സന്ദീപ് (33), രതീശൻ (30), കാർത്തിക് (19) എന്നിവരുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിടെ അഴിയോടു ചേർന്നാണ് അപകടം.

നെല്ലിക്കുന്ന്​ കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു​ പോയ വള്ളമാണിത്​. നെല്ലിക്കുന്ന്​ അഴിമുഖം മുറിച്ച്‌​ കടക്കുമ്പോൾ ശക്​തമായ തിരയിൽപെട്ട്​ തോണി മറിയുകയായിരുന്നു. ഏഴു പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. നാലുപേരെ മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.

പരിക്കുകളോടെ രക്ഷപ്പെട്ടവരെ കാസർകോട്​ താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടിക്കുളത്തെ രവിയുടെ പരാതിയിൽ ബേക്കൽ തീരദേശ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങിയിരുന്നു. കാണാതായവർക്കായി മത്സ്യത്തൊഴിലാളികളും കോസ്​റ്റൽ പൊലീസും നാട്ടുകാരും ചേർന്നാണ് രാത്രിയിലും തിരച്ചിൽ നടത്തിയത്.