ഇവൻ ‘കമാൻഡോ’ ; പറവൂരിന്റെ സൂപ്പർതാരം

കൊച്ചി: മത്സരമായാലും പ്രദർശനമായാലും ‘കമാൻഡോ’യെ വെല്ലാൻ ആരുമില്ല. ശരീരസൗന്ദര്യം പ്രദർശിപ്പിക്കാൻ ബഹുമിടുക്കൻ. ക്യാമറ കണ്ടാൽ തനിയെ പോസ് ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ പോത്തുകളിൽ മൂന്നാമനാണ് പറവൂരിന്റെ ഈ കമാൻഡോ.

പറവൂർ മന്നം ജാനകിമന്ദിരത്തിൽ ബിനു സദാനന്ദൻ 2020 മാർച്ചിലാണ് ഹരിയാനയിൽ നിന്ന് കമാൻഡോയെ സ്വന്തമാക്കുന്നത്. അന്ന് മുതൽ ഇവൻ നാട്ടിലും വീട്ടിലും താരമാണ്. 2000 കിലോ ഭാരമുണ്ട് മുറ വർഗത്തിൽപ്പെട്ട ഈ പോത്തിന്.

2018ൽ മീററ്റിൽ നടന്ന മേളയിൽ യുവരാജ് എന്ന പോത്തിനെ ആകാരത്തിലും ആരോഗ്യത്തിലും പിന്നിലാക്കി ചാമ്പ്യനായതോടെയാണ് കമാൻഡോ സൂപ്പർതാരമായത്. പിന്നീട് സംസ്ഥാന, ദേശീയ വിഭാഗങ്ങളിലായി 50ലേറെ മത്സരങ്ങളിൽ ചാമ്പ്യനായി. സൗന്ദര്യ മത്സരമാണ് മുഖ്യയിനം. മേളകളിൽ പ്രതിദിനം 25,000 മുതൽ 30,000 വരെ രൂപയാണ് കമാൻഡോയുടെ നിരക്ക്.

മോഹിച്ച് സ്വന്തമാക്കി

സാമ്പത്തികശാസ്ത്ര ബിരുദധാരിയായ ബിനു ചെറുപ്പം മുതലുള്ള താത്പര്യം മൂലമാണ് കൊച്ചി ഡെൽറ്റാ പ്രൊജക്സിലെ ജോലി ഉപേക്ഷിച്ച് ചെറായിയിൽ കേരള മുറ ഫാം എന്ന പേരിൽ ഫാം ആരംഭിക്കുന്നത്. മൂന്നര ഏക്കറിലുള്ള ഫാമിന്റെ മുഖ്യ ആകർഷണം മുറ ഇനത്തിലുള്ള പോത്ത് കുഞ്ഞുങ്ങളുടെ ലഭ്യതയാണ്. മുറ ബ്രീഡ് എരുമ കുഞ്ഞുങ്ങളെയും വിൽക്കുന്നുണ്ട്.

20,000 രൂപ മുതൽ 60,000 രൂപ വരെയാണ് പോത്ത് കുഞ്ഞുങ്ങളുടെ വില. മുറ ബ്രീഡിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ബിനു കമാൻഡോയെക്കുറിച്ച് അറിയുന്നത്. സുഹൃത്ത് വഴി ഹരിയാനയിലെ ദൽസിംഗ് ദൽവീർ ഫാം ഉടമയെ ബന്ധപ്പെട്ടെങ്കിലും കമാൻഡോയെ കെെമാറാൻ അദ്ദേഹം തയ്യാറായില്ല. നിരന്തര ശ്രമത്തിലൂടെയാണ് സ്വന്തമാക്കി​യത്. ഫാമിൽ നിന്ന് അരക്കോടി​യോളം രൂപ വാർഷിക വരുമാനമുണ്ട്. ആനുപാതി​ക ചെലവുമുണ്ടെന്ന് ബിനു പറയുന്നു.

കമാൻഡോയുടെ ചിട്ടകൾ

ദിവസവും നാലു നേരം കുളി. രാവിലെ രണ്ടു മണിക്കൂർ നടത്തം. 50 കിലോ വെെക്കോലോ 25 കിലോ പുല്ലോ വേണം. തവിട്, ഗോതമ്പ്, സോയ, പുളിങ്കുരു തുടങ്ങിയവ ഏഴ് കിലോ വേറെയും. ദിവസം 350-400 രൂപയാണ് ആഹാരച്ചെലവ്. പരിചയമുള്ളവർ കൊടുത്താലേ ഭക്ഷണം കഴിക്കൂ.

“കമാൻഡോയെ പ്രദർശനങ്ങൾക്കായി ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കാറുണ്ട്. അവനിപ്പോൾ ഞങ്ങളുടെ കുടുംബാംഗം തന്നെയാണെന്നാണ്
ബിനു പറയുന്നത്.