ഇന്ധന, പാചകവാതക വില വർധനവിന് എതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം 10 ന്

തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിന് എതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം ജൂലൈ 10 ന്. രാവിലെ 10 മുതൽ 11 വരെ വീടുകൾക്ക് മുന്നിലായിരിക്കും സത്യഗ്രഹം. പാചകവാതക ഗാർഹിക സിലിണ്ടറിന് 25.50 രൂപയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വർദ്ധിപ്പിച്ചത്.

പെട്രോൾ വില 100 രൂപ കടന്നിരിക്കുന്നു. ഈ വർഷം ആറുമാസത്തിനിടെ ഇതുവരെ 55 തവണയാണ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് രണ്ടുമാസം വില കൂട്ടിയില്ല. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ, കേന്ദ്രസർക്കാർ 300 ശതമാനം നികുതി വർദ്ധിപ്പിച്ചു.

ഇപ്പോൾ പെട്രോളിൻ്റെ ഉത്പന്നവില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്ര-സംസ്ഥാന നികുതികളും, സെസുമാണ്. നികുതിക്കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറായില്ലെങ്കിൽ പ്രക്ഷോഭത്തിന് കോൺഗ്രസ് ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.