ശ്രീലങ്കന്‍ അധോലോക നേതാവ്​ നെടുമ്പാശേരിയിൽ പിടിയിൽ

നെടുമ്പാശ്ശേരി: വർഷങ്ങളായി ഒളിവിലായിരുന്ന ശ്രീലങ്കന്‍ അധോലോക നേതാവ്​ സുരേഷ് രാജ് നെടുമ്പാശേരിയിൽ പിടിയിലായി. നെടുമ്പാശ്ശേരിക്കടുത്ത് നിന്നുമാണ് തമിഴ്​നാട് പോലീസിൻ്റെ ക്യു ബ്രാഞ്ച് സുരേഷ് രാജിനെ പിടികൂടിയത്. കൊലപാതക കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് 15 വര്‍ഷം മുമ്പ് ശ്രീലങ്കയിൽ നിന്ന് സുരേഷ് ഇന്ത്യയിലേക്ക് കടന്നത്.

തമിഴ്​നാട് സ്വദേശിയെന്ന വ്യാജരേഖയുണ്ടാക്കി തമിഴ്​നാട്ടില്‍ കഴിയുകയായിരുന്നു ഇയാൾ. എന്നാല്‍ ഇതെക്കുറിച്ച് ശ്രീലങ്കന്‍ പോലീസിന് വിവരം ലഭിക്കുകയും ഇന്‍റര്‍പോള്‍ ലുക്ക്​ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. തുടര്‍ന്ന് തമിഴ്​നാട് പൊലീസ് പിടികൂടാന്‍ ശ്രമിക്കവേയാണ് ഇയാൾ കേരളത്തിൽ ഒളിച്ചു താമസിക്കാൻ തുടങ്ങിയത്.

ക്യു ബ്രാഞ്ച് മാസങ്ങളായി സുരേഷ് രാജിനെ നിരീക്ഷിച്ചിരുന്നു. ഇയാള്‍ കിടങ്ങൂരില്‍ കുടുംബസഹിതം തങ്ങുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന തീവ്രവാദ വിരുദ്ധസേനയുടെ സഹായത്തോടെ വീട് വളഞ്ഞ് സുരേഷ് രാജിനെ പിടികൂടിയത്. സഹോദരന്‍ രമേഷിനെയും കൂടെയുണ്ടായിരുന്ന ശരവണ​നെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. പിന്നീട് അങ്കമാലി കോടതി റിമാന്‍ഡ്​ ചെയ്തു.

സുരേഷ് രാജ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏതെങ്കിലും ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നോ​യെന്ന അന്വേഷണത്തിലാണ് ​ പൊലീസ്. ഇയാള്‍ കസ്‌റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങള്‍ ഇവിടെനിന്ന്​ രക്ഷപ്പെട്ടു. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമെത്തിയാണ് കുടുംബാംഗങ്ങളെ കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.