ഹൃദയവിശാലത വാക്കിൽ മാത്രം; വിമർശിച്ചപ്പോൾ കൊണ്ടു; ഡെല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനെ വിമര്‍ശിച്ച വിദ്യാര്‍ത്ഥിനിക്ക് 5000 ₹ പിഴ

ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് പിഴ ശിക്ഷ. ഡെല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാലയാണ് വിദ്യാര്‍ഥിനിക്കാണ് ശിക്ഷയായി 5000 രൂപ പിഴ ഏര്‍പ്പെടുത്തിയത്.

ഓണ്‍ലൈന്‍ ബിരുദദാന ചടങ്ങിനിടെയാണ് സംഭവം. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അനാദരവ് കാണിച്ചുവെന്ന് പേരിലാണ് വിദ്യാര്‍ത്ഥിനിക്ക് മേല്‍ സര്‍വകലാശാല പിഴ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് പിഴ ശിക്ഷയ്ക്ക് ആസ്പദമായ കാര്യം നടന്നത്. പെര്‍ഫോമന്‍സ് സ്റ്റഡീസ് രണ്ടാം വര്‍ഷ എം എ വിദ്യാര്‍ത്ഥിനിയായ നേഹ ഡിസംബര്‍ 23 ന് നടത്തിയ ഓണ്‍ലൈന്‍ ബിരുദദാന ചടങ്ങിന്റെ യൂട്യൂബ് വിഡീയോയ്ക്ക് താഴെ ഡെല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വിധം കമന്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനാണ് പിഴ ശിക്ഷ വിധിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അതിഥിയായി എത്തിയിരുന്നു.

ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നേഹയ്ക്കാണ് വിമര്‍ശനത്തിന്റെ പേരില്‍ സര്‍വ്വകലാശാലയുടെ നടപടി നേരിടേണ്ടി വന്നത്. സംവരണ നയത്തിലെ ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ചും അതിരുവിട്ട ഫീസിനെക്കുറിച്ചുമൊക്കെ നേഹ കമന്റില്‍ പ്രതിപാദിച്ചിരുന്നു. അതിന് പുറമെ, വിദ്യാര്‍ത്ഥികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ശ്രദ്ധയില്ലെന്നും കുറ്റപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിന് മുന്‍പ് പിഴ അടയ്ക്കണമെന്നാണ് ജൂണ്‍ 30 ന് അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, പരാമര്‍ശം സമ്മതിച്ച നേഹ ഖേദപ്രകടനം നടത്തുവാന്‍ തയ്യാറായില്ല. തനിക്കെതിരെ ഉണ്ടായ നടപടി അംഗീകരിക്കുവാനാകില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥിനി.

യൂട്യൂബ് ലൈവ് സ്ട്രീമിംഗ് ലിങ്കില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്ത മറ്റ് ഒരു ഡസന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് താനെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. എന്നാല്‍ താന്‍ ഒറ്റപ്പെട്ടുപോയതായും പ്രതിഷേധിച്ചവരില്‍ മറ്റ് 12 പേരെങ്കിലുമുണ്ടെന്നും അവര്‍ക്കൊന്നും നോട്ടീസ് നല്‍കാതെ തന്നെ മാത്രം ഒറ്റപ്പെടുത്തുകയാണ് സര്‍വകലാശാലയെന്നും നേഹ പ്രതികരിച്ചു.