വീട്ടുകാരെ ചതിച്ച് കണ്ടവന്‍റെ കൂടെ പോയി… ; വഴിവിട്ട് ജീവിച്ച് പെരുവഴിയിലായവള്‍, ആണ്‍വേഷം കെട്ടി തേരാ പാരാ … നടന്നവള്‍; എസ് ഐ ആനി ശിവയെ അപമാനിച്ച സംഗീത ലക്ഷ്മണക്കെതിരെ പരാതി

കൊച്ചി: പ്രതികൂല ജീവിത സാഹചര്യങ്ങളെ സധൈര്യം നേരിട്ട് കേരളാ പൊലീസില്‍ എസ്ഐ പദവിയിലെത്തിയ ആനി ശിവയെ അപമാനിച്ച് മുന്‍ ഐ.ജി കെ ലക്ഷ്മണയുടെ മകളായ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരേ പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്‍ അഡോഫിന്‍ മാമച്ചൻ. വളരെ മോശമായ രീതിയിലായിരുന്നു സംഗീത ആനി ശിവയെ അധിക്ഷേപിച്ചത്. ഇതിനെതിരെയാണ് അഡോഫിന്‍ പോലീസിൽ പരാതി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ് ഐ ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് അഡോഫിന്‍ മാമച്ചൻ പരാതിയിൽ പറയുന്നു.

‘വീട്ടുകാരെ ചതിച്ച് കണ്ടവന്‍റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, വഴിവിട്ട ജീവിതം ജീവിച്ചത് കൊണ്ട് പെരുവഴിയിലായവള്‍, ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍’, എന്നിങ്ങനെയാണ് സംഗീത ലക്ഷ്മണയുടെ അധിക്ഷേപം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്.

ആനി ശിവയെ വ്യക്തിഹത്യ ചെയ്ത വ്യക്തി താനടങ്ങുന്ന അഭിഭാഷക സമൂഹത്തില്‍ നിന്നുള്ളതാണെന്നും തങ്ങളെല്ലാം അവരുടെ നടപടിയെ ശക്തമായി തന്നെ അപലപിക്കുന്നതായും അവരെ ശിക്ഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയിലുണ്ട്.

അതേസമയം, സംഗീത ലക്ഷ്ണയ്ക്ക് മറുപടിയുമായി ആനി ശിവ തന്നെ രംഗത്ത് വന്നിരുന്നു. ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച്‌ ഓരോന്ന് പറയും, അവരവരുടെ ബുദ്ധിയും ചിന്തകളും വച്ചത് അവര്‍ പോസ്റ്റിടുന്നു. അതിന്റെ പിന്നാലെ പോകാനോ കേസ് നടത്താനോ തനിക്ക് താല്‍പര്യമില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ആനി ശിവ പ്രതികരിച്ചത്.