ചെന്നൈ: ചുവന്ന ടീഷര്‍ട്ടും ഹെല്‍മറ്റും കൂളിങ് ഗ്ലാസും ധരിച്ച് സൈക്കിള്‍ സവാരി. കൗതുകമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ പ്രഭാത സൈക്കിള്‍ യാത്ര. ഞായറാഴ്ച രാവിലെ മഹാബലിപുരം വരെ ഇ.സി.ആര് റോഡില്‍ 20 കിലോമീറ്ററാണ് സ്റ്റാലിന് സൈക്കിളോടിച്ചത്. 15 പേര് സൈക്കിളുകളുമായി സ്റ്റാലിനെ അനുഗമിച്ചു.
ജനം സ്റ്റാലിനെ തിരിച്ചറിഞ്ഞതോടെ പലരും വഴിയില്‍ തടഞ്ഞുനിര്‍ത്തി സെല്‍ഫിയെടുത്തു. ചിലയിടങ്ങളില്‍ സ്റ്റാലിന് സ്വമേധയാ നിര്‍ത്തി ജനങ്ങളുമായി സംസാരിച്ചു. വഴിയില്‍ റസ്റ്റാറന്റില്‍ കയറി ചായ കുടിച്ചു.
മുമ്പും ഇസിആര്‍ റോഡില്‍ സ്റ്റാലിന് സൈക്കിള്‍ സവാരി നടത്തിയിരുന്നു. രാവിലെ നടത്തവും പതിവായിരുന്നു. മുഖ്യമന്ത്രിയായതിനുശേഷം നടത്തിയ ആദ്യത്തെ സൈക്കിള്‍ സവാരി സമൂഹമാധ്യമങ്ങളില്‍ വൈറലായി. വ്യായാമം ചെയ്യുന്ന സ്റ്റാലിൻ്റെ പടങ്ങളും പ്രചരിച്ചിരുന്നു.