കേരള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് അഡ്മിനിസ്‌ട്രേഷന്‍

കൊച്ചി: കേരള എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് അഡ്മിനിസ്‌ട്രേഷന്‍. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നുവെന്നാണ് ഉത്തരവ്. കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപനും ഹൈബി ഈഡനുമാണ് ദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയിരുന്നത്.

എംപിമാർക്ക് സന്ദർശന അനുമതി നൽകിയാൽ ദ്വീപിലെ സമാധാന അന്തരീക്ഷം തകരാനിടയുണ്ട്. ദ്വീപ് വാസികളെ സംരക്ഷിക്കാൻ അഡ്മിനിസ്ട്രേഷന് ചുമതലയുള്ളതിനാലാണ് അനുമതി നിഷേധിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണനയങ്ങള്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സന്ദര്‍ശനത്തിന് അനുമതിക്കായി ശ്രമിച്ചിരുന്നു. ഹൈബി ഈഡന്‍ എംപി, ബെന്നി ബെഹന്നാന്‍ എ എം ആരിഫ് തുടങ്ങിയവര്‍ക്ക് മുന്‍പ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.