കൊടകര കുഴല്‍പ്പണക്കവര്‍ച്ചാക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിൽ

തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കവര്‍ച്ചാക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കേസിലെ 15-ാം പ്രതി കണ്ണൂര്‍ മൊട്ടമ്മല്‍ പാറക്കടവ് ഷില്‍നാ നിവാസില്‍ ഷിഗില്‍(30), ഇയാളെ സഹായിച്ച കണ്ണൂര്‍ പുല്ലൂക്കര പട്ടരുപിടിക്കല്‍ വീട്ടില്‍ റാഷിദ്(26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിരുപ്പതിയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. ഇതോടെ കേസില്‍ സ്ത്രീയുള്‍പ്പെടെ 23 പേര്‍ അറസ്റ്റിലായി. ഷിഗിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

കേസിലെ 12-ാം പ്രതി ജയിലില്‍ കഴിയുന്ന മലപ്പുറം നിലമ്പൂര്‍ മമ്പാട് കേച്ചേരി കുനിയില്‍ അബ്ദുള്‍ റഷീദ് (47), 16ാം പ്രതി കോഴിക്കോട് പന്നിയങ്കര കല്ലായി താണിക്കല്‍പറമ്പ് വീട്ടില്‍ അബ്ദുള്‍ റഷീദ് (36) എന്നിവരുടെ ജാമ്യാപേക്ഷകള്‍ വെള്ളിയാഴ്ച തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസം കേസിലെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഏപ്രില്‍ ഒന്നിന് വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടിയും വാഹനവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ബിജെപിയെത്തിച്ച ഫണ്ടാണ് കവര്‍ച്ചചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

അതേസമയം പൊലീസ് കണ്ടെടുത്ത പണം തങ്ങളുടേതാണെന്നും പണവും കാറും വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയ കുഴല്‍പ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജന്‍, യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി 13ന് പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്. പണത്തിന്റെ രേഖകള്‍ ഹാജരാക്കാനാവാത്തതിനാല്‍ രണ്ടു തവണയാണ് ഇരിങ്ങാലക്കുട കോടതി കേസ് മാറ്റിയത്. കേസില്‍ ഇതിനകം 1.42 കോടി പൊലീസ് കണ്ടെത്തി.