ഓൺലൈൻ ക്ലാസുകളുടെ സമ്മർദ്ദം; എട്ടാം ക്ലാസ് വിദ്യാർത്ഥിനി കഴിച്ചത് ഒരു കിലോയോളം മുടി

ചെന്നൈ: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മാനസിക സമ്മർദ്ദത്തെ തുടർന്ന് കഴിച്ചത് ഒരു കിലോയോളം മുടി. വില്ലുപുരം സ്വദേശിനിയായ 15 കാരിയാണ് മാനസിക സമ്മർദ്ദങ്ങളെ തുടർന്ന് ഒരു വർഷത്തോളം മുടി കഴിച്ചത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുടലിൽ നിന്ന് ഒരു കിലോയോളം ഭാരം വരുന്ന മുടിക്കെട്ട് പുറത്തെടുത്തു.

ആറപുൻസൽ സിൻഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന കുട്ടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതു മുതൽ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലിൽ നിന്നുള്ള മറ്റു വസ്തുക്കളും ചേർന്നു പന്തിന്റെ രൂപത്തിൽ ആകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് കുടലിൽ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്.

ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. ബാലസംരക്ഷണ വിഭാഗത്തിന്റെ നിർദേശമനുസരിച്ചു കുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി. ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്നാണു പെൺകുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടർമാർ പറഞ്ഞു.