ന്യൂഡെൽഹി: ജമ്മുകശ്മീരിൽ വിമാനത്താവളത്തിന് നേരെ ഭീകരരുടെ ഡ്രോൺ ആക്രമണം നടന്നതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടടത്തിന് മുകളിൽ ഡ്രോൺ പറത്തി പാകിസ്ഥാൻ പ്രകോപനം. ഇന്ന് രാവിലെയാണ് ഹൈക്കമ്മീഷൻ കെട്ടിടത്തിന് മുകളിൽ കുറച്ച് സമയം ഡ്രോൺ പറന്നത്. ഇന്ത്യയുടെ സ്വകാര്യതയ്ക്ക് മേൽ നടത്തിയ കടന്നുകയറ്റത്തിനെതിരെ വിദേശകാര്യവകുപ്പ് കടുത്ത അതൃപ്തിയും ആശങ്കയും അറിയിച്ചു.
അതിർത്തിയിൽ ഇന്ന് രാവിലെ ഡ്രോൺ കണ്ടെത്തുകയും ബിഎസ്എഫ് ജവാന്മാർ ആറു റൗണ്ട് വെടിയുതിർക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള പ്രകോപനം. ജമ്മുകശ്മീർ മേഖലയിൽ വിമാനതാവളത്തിന് നേരെ കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം നടന്നിരുന്നു. അതിർത്തി മേഖലകളിൽ തുടർച്ചയായി ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തുന്നുണ്ട്.
ഇന്ത്യൻ അതിർത്തിയിൽ ഭീകരർ ഡ്രോൺ ഉപയോഗിക്കുന്നതിന്റെ പിന്നിൽ പാക് സൈന്യത്തിനും പങ്കുണ്ടെന്നും സൂചനകളുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ ഹൈക്കമ്മീഷണറെ പരസ്യമായി അവഹേളിക്കുകയും രണ്ടു ഉദ്യോഗസ്ഥരെ വാഹനത്തിൽ പിന്തുടർന്ന് നടത്തിയ പ്രകോപനത്തിനുമെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.